22-July-2024 -
By. news
കൊച്ചി: ഇടപ്പള്ളി ജംഗ്ഷനില്‍ നേരിടുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി കേരള ദര്‍ശന വേദി രംഗത്ത്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുന്നതിനായി കേരള ദര്‍ശന വേദിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം ആരംഭിച്ചു. ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം വിദ്യഭ്യാസ രംഗത്തെ പ്രമുഖരായ ഐ.എസ്.എസ്.ഡിയുടെ ചെയര്‍മാന്‍ എന്‍.വി തോമസ് നിര്‍വ്വഹിച്ചു. കേരള ദര്‍ശന വേദി സംസ്ഥാന ചെയര്‍മാന്‍ എ.പി മത്തായി, ട്രഷറര്‍ ടോമി മാത്യു, ജനറല്‍ സെക്രട്ടറി കുമ്പളം രവി എന്നിവര്‍ പങ്കെടുത്തു.
ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കുമെന്ന് കേരള ദര്‍ശന വേദി സംസ്ഥാന ചെയര്‍മാന്‍ എ.പി മത്തായി പറഞ്ഞു. ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സബ് വേ സംവിധാനം വഴി കഴിയുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും സബ് വേ സംവിധാനത്തിനൊപ്പം എലിവേറ്റെഡ് ബൈപ്പാസ് എന്ന നിര്‍ദ്ദേശവും പരിഗണിക്കണമെന്നും ദര്‍ശന വേദി ആവശ്യപ്പെട്ടു. ഇതിനോടൊപ്പം വൈറ്റില, കുണ്ടന്നൂര്‍ പാലാരിവട്ടം കവലകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.